2011, ജൂൺ 19

വിവരാവകാശത്തിന്‍റെ സ്വകാര്യത.


"ഏതൊരു നിയമത്തിനും ഒരുദ്ദേശ്യമുണ്ട്.ആ ഉദ്ദേശ്യത്തിനുമുണ്ടൊരു ഉദ്ദേശ്യം. അതിന്റെ സാധുതയിലാവണം ഏതൊരു നിയമത്തെയും സ്വീകരിക്കേണ്ടതും ബഹിഷ്കരിക്കെണ്ടതും."

മഹിത ജനാധിപത്യ പാരമ്പര്യ രാജ്യത്തെ ജനതിതിയുടെ അവകാശ സ്വാതന്ത്ര്യങ്ങളെ വ്യക്തമായും നിര്‍വ്വചിക്കുന്ന ഒരു ഭരണഘടന. അത് നിഷ്കര്‍ഷിക്കുന്ന പ്രതലത്തില്‍ ഭരണം നടത്തുന്ന വിവിധ അധികാര കേന്ദ്രങ്ങള്‍. കാലങ്ങളായി അവര്‍ ജനക്ഷേമമെന്ന അടിസ്ഥാന താത്പര്യം മുന്‍നിര്‍ത്തി അനവധി നിയമ പരിഷ്കാരങ്ങള്‍ രാജ്യത്ത് നടപ്പിലാക്കുകയുണ്ടായി. വിവിധങ്ങളായ കാര്യ പരിപാടികളുടെ അന്ത്യത്തില്‍ രാഷ്ട്രപതി തുല്യം ചാര്‍ത്തുന്നതോടെ പ്രാബല്യത്തില്‍ വരുന്ന ഓരോ നിയമത്തിന്റെയും നേരിട്ടുള്ള ഗുണഭോക്താക്കള്‍ രാജ്യത്തെ മൊത്തം ജനങ്ങളാണ്. അവരുടെ ജീവിത സന്ധാരണത്തിന് വേഗത കൂട്ടാനെന്ന പേരില്‍ ആവിഷ്കരിച്ച പല നിയമങ്ങളും അതിന്‍റെ വിപരീത ഫലം കൊയ്ത ചരിത്രം നമുക്ക് മുമ്പിലുണ്ട്. രാജ്യത്തെ കരുത്തര്‍ക്കും സൗന്ദര്യമുള്ളവര്‍ക്കും വീണ്ടും വീണ്ടും കരുത്തരാകാനേ അവയില്‍ ചിലതുപകരിച്ചോള്ളൂ...

ഈയടുത്ത സമയത്ത് നമ്മുടെ ദേശീയ മാധ്യമങ്ങള്‍ കൊണ്ടാടിയ രാജ്യത്തെ അനേകം ജനാധിപത്യ വിശ്വാസികളെ സമരമുഖത്തേക്കാനയിച്ച അഴിമതി വിരുദ്ധ സമരങ്ങള്‍. അതിലേക്കിറങ്ങി പ്രവര്‍ത്തിക്കാന്‍ അവരെ നിര്‍ബന്ധിപ്പിച്ച അനേകം സംഭവങ്ങള്‍. ആ സംഭവങ്ങളുടെ വികാസത്തെയും ഗതിയേയും നിര്‍ണ്ണയിച്ച അന്വേഷണാത്മക പത്രപ്രവര്‍ത്തന പാരായണങ്ങള്‍.. ശേഷം, കുറ്റാന്വേഷണത്തിന് വേഗത കൂട്ടിയ, അതതു ഏജന്‍സികള്‍ക്ക് സഹായകമായ വിവരം ചോര്‍ത്തല്‍ പ്രക്രിയകള്‍ ഇവയെല്ലാം തന്നെ അരുതെന്ന് വിലക്കുന്ന പുതിയ ഭേദഗതികളും കൂട്ടിച്ചേര്‍ക്കലുകളുമായി ഭരണഘടന ഉറപ്പു നല്‍കുന്ന മൌലികാവകാശങ്ങളുടെ കൂട്ടത്തിലേക്ക് സ്വകാര്യതയെ കൂടെ ഉള്‍പ്പെടുത്തുന്നതോടെ സംഭവിക്കാനിരിക്കുന്നു.

ഇന്ത്യന്‍ ജനാധിപത്യത്തിലെ ഏറെ വിപ്ലവാത്മകമായ ഒരു തീരുമാനമായിരുന്നു വിവരാവകാശ നിയമം. അറിയാനുള്ള പൌരന്റെ  സ്വാതന്ത്ര്യത്തെ അനുവദിക്കപ്പെടുകയെന്ന ഏറെ മഹത്തായ ഒരു ജാനാധിപത്യ ധര്‍മ്മത്തെയാണ് വിവരാവകാശ നിയമം കൊണ്ട് രാജ്യത്ത് സ്ഥാപിതമായത്. ജനതയുടെ അറിയാനുള്ള അവകാശത്തെ അനുവദിക്കപ്പെടുക വഴി, {രാഷ്ട്രസുരക്ഷയെ നേരിട്ട് ബാധിക്കാത്ത, തന്ത്രപരമായ രഹസ്യങ്ങളൊഴികെ ഏതൊന്നിനെയും} വിവരം പൂഴ്ത്തി വെക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന പുതിയ അടിമ-ഉടമ ബന്ധത്തെ/സമ്പ്രദായത്തെ തകര്‍ക്കുന്ന ഒരു വെല്ലുവിളിയെ വിവരാവകാശ നിയമം സധൈര്യം ഏറ്റെടുക്കുകയായിരുന്നു. അതുവഴി ഒരു വലിയ ജനാധിപത്യ തത്വത്തെ ഈ നിയമം പ്രതിനിധാനം ചെയ്യുന്നു. അതുകൊണ്ട്തന്നെ ഈ നിയമം വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. അതിന്റെ കൃത്യവും കണിശവുമായ ഉപയോഗം കൊണ്ട് ജനാധിപത്യ വഴിയില്‍ രാജ്യം ബഹുദൂരം സഞ്ചരിച്ചതായി സമീപകാല അനുഭവങ്ങള്‍ സാക്ഷ്യം നില്‍ക്കുന്നു. എത്രയേറെ നീതിനിഷേധനങ്ങളുടെ പച്ചയായ വാസ്തവകഥകളാണ് ഈ നിയമത്തിലൂടെ രാജ്യമറിഞ്ഞത്. അനേകങ്ങളായ അഴിമതിക്കഥകളുടെ പിന്നാമ്പുറ രഹസ്യങ്ങളാണ് ഈ നിയമം വഴി വെളിവാക്കപ്പെട്ടത്. രാജ്യത്തിന്റെ ആത്മാവിനെതന്നെ വേദനിപ്പിച്ച/മനസ്സാക്ഷിയെ ഞെട്ടിച്ച 'ഭരണകൂട ഭീകരത'കളെപ്പോലും ഈ നിയമം തുറന്നു കാണിക്കുകയുണ്ടായി. ഒരുപക്ഷെ, "ജനം തന്നെയാണ് യഥാര്‍ത്ഥ യജമാനന്‍" എന്ന പ്രഥമ സത്യത്തെ ഒരു ചെറിയ അളവിലെങ്കിലും ബോദ്ധ്യപ്പെടുത്തുന്നതില്‍ ഈ നിയമം ഏറെ വിജയിച്ചിട്ടുണ്ട്.

എന്നാല്‍, ഇപ്പോള്‍ പുതിയതായി മൌലികാവകാശങ്ങളുടെ ഗണത്തിലേക്ക് പൌരന്റെ സ്വകാര്യതയെക്കൂടെ എണ്ണപ്പെടുമ്പോള്‍ വിവരാവകാശ നിയമം അനുവദിക്കുന്ന ഏറെ ഉദാരമായ പല സ്വാതാന്ത്ര്യങ്ങളെയും അത് വിലക്കുകയും പരിമിതപ്പെടുത്തപ്പെടുകയും ചെയ്യും. ഫലമോ, വിവരാവകാശ നിയമത്തിന്റെ ആത്മാവിനെപ്പോലും അത് നശിപ്പിക്കും. പൌരന്റെ സ്വകാര്യതയെ മാനിക്കണം എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമുണ്ടാകാനിടയില്ലാ. എങ്കില്‍, സംരക്ഷിക്കപ്പെടേണ്ടതും മറക്കപ്പെടേണ്ടതുമായ 'സ്വകാര്യത' ഏതൊക്കെയാണ്..? ഒരു വ്യക്തിയുടെ സ്വകാര്യയുടെ പരിധിയില്‍പ്പെടുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ്, 'അപരന്' നിര്‍ബന്ധപൂര്‍വ്വം തിരക്കാന്‍ പാടില്ലാത്ത സ്വകാര്യതയുടെ ലോകം എത്രമാത്രം പരന്നതും ആഴമുള്ളതുമാണ്.? അത് എന്തിനെയൊക്കെ അടിസ്ഥാനമാക്കിയാണ് നിര്‍ണ്ണയിക്കേണ്ടത് ? വ്യക്തിയുടെ ആശയ വിനിമയ മാധ്യമങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍ ഇവയൊക്കെയും ഇതേ സ്വകാര്യതയുടെ പരിധിയില്‍പ്പെടുമോ..? വ്യക്തിയുടെ സ്വകാര്യതയുടെ സംരക്ഷണം സമൂഹത്തെയോ രാഷ്ട്രത്തെയോ അഴിമതിയെയോ ലൈംഗീക കൃത്യങ്ങളെയോ സംബന്ധിച്ച് എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു..?

സ്വകാര്യത എന്ന സങ്കല്‍പം ഉരുവം കൊള്ളുന്നതും അതിനെ നിര്‍വ്വചിക്കുന്നതും തീര്‍ത്തും വ്യക്തിത്യാധിഷ്ടിതം എന്ന നിലക്കാണോ.? അതില്‍, രാഷ്ട്രത്തെയും സമൂഹത്തെയും ജനാധിപത്യാരോഗ്യത്തെയും ബാധിക്കുന്ന വിഷയങ്ങളിലെ തീര്‍പ്പെന്താണ്.? പൊതുപ്രാധാന്യമുള്ള വിഷയങ്ങളില്‍ ഈ നിയമം/അവകാശം എങ്ങനെയാണ് ഇടപെടുക.? ഇവിടെ ആദ്യം നിര്‍വ്വചിക്കപ്പെടെണ്ടത് ഇവയൊക്കേയുമാണ്. എന്നിട്ടാവാം ആ സ്വകാര്യതയുടെ സംരക്ഷണത്തെ മൌലികാവകാശമായി അനുഭവിക്കാനുള്ള വഴിവേട്ടെണ്ടത്. ഒരു കാര്യമുറപ്പ് പൌരന്റെ കുളിമുറിയിലേക്കും കിടപ്പറയിലേക്കുമുള്ള നോട്ടങ്ങള്‍ തീര്‍ച്ചയായും വെട്ടി മാറ്റണം. അതോടൊപ്പം സാമ്പത്തിക കാര്യങ്ങളെ തുറന്നു പറയതിരിക്കല്‍ എന്ന കള്ളത്തരത്തെ അനുകൂലിക്കയുമരുത്.എന്നാല്‍, അതിന്റെ പേരില്‍ വിവരാവകാശ നിയമത്തിന്റെ നിറം കെടുത്തുകയെന്നാല്‍ അതാശാസ്യമോ..?

തീര്‍ച്ചയായും നാം ആശങ്കയിലാണ്. ഏതൊരു മര്‍ദ്ദക ഭരണകൂടവും ഭരണീയന്റെ ചോദ്യം ചെയ്യാനുള്ള /അന്വേഷിച്ചറിയാനുള്ള ഏതൊരു വിവരസമാഹരണത്തെയും ഏറെ ഭയപ്പെടുന്നുണ്ട്. കാരണം, ഇവയത്രയും ഭരണീയന്റെ ആത്മാഭിമാനത്തെ ഉയര്‍ത്തിപ്പിടിക്കാനും പോരാട്ടവീഥിയില്‍ ഉറപ്പിച്ചു നിര്‍ത്താനും കരുത്തു നല്‍കുന്ന ഇന്ധനങ്ങളാണ്. അത്തരമൊരു സാഹചര്യത്തില്‍ ജനതതിയുടെ അവകാശങ്ങളോടുള്ള ഉദാരമായ ഏതൊരു സമീപനവും അപകടം ക്ഷണിച്ചു വരുത്തുന്നതിന് തുല്യമാണെന്ന് ഈ മര്‍ദ്ദക പക്ഷത്തിനു നല്ല ബോദ്ധ്യമുണ്ട്. അപ്പോള്‍, ചില പുതിയ അടവുകളുമായി അവര്‍ രംഗപ്രവേശനം ചെയ്യും. ന്യായമായും സംശയിക്കാവുന്ന ചില ചുറ്റുപാടുകളിലൂടെയാണ് രാജ്യം ഈ ആലോചനയിലെക്കേത്തുന്നത്. ഇതും ഈ മര്‍ദ്ദകകകൂടത്തിന് രക്ഷാ കവചമൊരുക്കുകയല്ലെന്ന് എങ്ങനെ ഉറപ്പിക്കും...!!!

വ്യക്തികളുടെ ആസ്തികളും മറ്റുമടങ്ങുന്ന വിവരങ്ങള്‍ തീര്‍ത്തും സ്വകാര്യമായിതന്നെ സൂക്ഷിക്കാമെന്നുള്ള ന്യായവാദത്തെ കൂടുതല്‍ പിടിച്ചുപറിക്കും അഴിമതിക്കും അന്യായമായ സ്വത്ത് സമ്പാദനത്തിനും അവസരമൊരുക്കി കൊടുക്കുകയല്ലാതെ മറ്റേത് തരത്തിലാണ് കാണാനൊക്കുക..? ഇപ്പോള്‍ തന്നെ, സുപ്രീം കോര്‍ട്ട് നേരിട്ട് ആവശ്യപ്പെട്ടിട്ട് കൂടിയും കാലമിന്നോളം സ്വിസ്സ് ബാങ്കിലേക്കൊഴുകിയ ശതകോടി കള്ളപ്പണത്തിന്റെ കണക്കും പേര് വിവരവും വെളിപ്പെടുത്താതിരിക്കുന്നതിന്റെ  താത്പര്യമെന്ത്? തുടര്‍ന്നും ഇത്തരം കാട്ടുകള്ളന്‍മാരെയും ജനഹിതത്തിന്റെ  രക്തമൂറ്റിക്കൊഴുത്ത ഈ തെമ്മാടി വര്‍ഗ്ഗത്തെയും സംരക്ഷിച്ചു നിര്‍ത്താനുള്ള തന്ത്രം മെനയുകയുമാണോ ഈ പരിഷ്കരണം വഴി ലക്ഷ്യമിടുന്നത്..? അല്ലെങ്കില്‍, ഗോപീ കൃഷ്ണന്മാര്‍ക്കും തെഹല്‍കകള്‍ക്കും തടയിടുകയോ..? കൂടെ, നീരാ റാഡിയ പോലുള്ളവര്‍ പരിചയപ്പെടുത്തിതന്ന ഭരണകൂട സ്ഥാപനങ്ങളുടെ ഇടനാഴികളിലെ ഉപജാപക സംഘങ്ങള്‍ക്ക് വിഹരിക്കാനുള്ള പുതിയ തട്ടകമൊരുക്കലോ..? രാജമാര്‍ക്കും കല്‍മാഡിമാര്‍ക്കും ആദര്‍ശ് കൊള്ളക്കാര്‍ക്കും സുരക്ഷിത സങ്കേതമൊരുക്കലോ..? എന്താണിതിന്റെ  പ്രാഥമിക ഉദ്ദേശ്യം..???

പൌരന്റെ കിടപ്പറയിലേക്കും കുളിമുറിയിലേക്കും വരുന്ന വികടന്റെ കണ്ണുകളെ കെട്ടുകയെന്ന മഹത്തായ കര്‍മ്മത്തിന് ഭരണഘടനയില്‍ തന്നെ പണിയെടുക്കെണ്ടതുണ്ടോ.? അതിന് സാംസ്കാരിക വകുപ്പധികൃതര്‍ ഒരു പെരുമാറ്റ ചട്ടം പാസ്സാക്കട്ടെ.. കൂടെ ഒരു നല്ല നടപ്പ് പരീക്ഷയും നടത്തട്ടെ..! അല്ലെങ്കില്‍, കുറച്ചു സദാചാര പോലീസുകാരെ കൂലിക്ക് നിയമിക്കട്ടെ...!!!

ഇവ്വിധമുള്ള വിഷയങ്ങള്‍ക്ക് പ്രധിവിധി തേടേണ്ടത് പുതിയ നിയമ നിര്‍മ്മാണങ്ങള്‍ വഴിയോ നിയമ പരിഷ്കാരങ്ങള്‍ വഴിയോ ആവരുത്. കൃത്യമായ സാംസ്കാരിക മൂല്യങ്ങള്‍ ആചരിക്കുന്ന സമൂഹ നിര്‍മ്മിതിക്കാവശ്യമായ പദ്ധതിയാസൂത്രണത്തിലൂടെ മാത്രമേ ഈ ലക്ഷ്യം നേടാനൊക്കൂ. അതിന് തക്ക വിദ്യാഭ്യാസം നല്‍കുന്നതിനാണ് രാജ്യം ശ്രദ്ധ ചെലുത്തേണ്ടത്. സമൂഹത്തിന്റെ ജാഗ്രതയും അതുവഴിയാണ് കാവലാവേണ്ടത്. അല്ലാതിതുപോലെ 'കുറക്കു വഴികളിലൂടെ' കാര്യം സാധിക്കുകയല്ല വേണ്ടത്.

71 comments:

നാമൂസ് പറഞ്ഞു...

കൂട്ടുകാരെ... ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാകും. ആ വാര്‍ത്തക്ക് പിറകെ സഞ്ചരിച്ചപ്പോള്‍ എന്നിലുണ്ടായ ചില ചിന്തകള്‍ ചര്‍ച്ചയ്ക്ക വെച്ചതാണ് ഞാന്‍.
ആ ചര്‍ച്ചയുടെ സജീവതയില്‍ പങ്കുകൊള്ളുന്ന സഹൃദയരിലൂടെയാണ് ഞാനിനിയേറെ പഠിക്കാനിരിക്കുന്നത്.

പൌരന്‍റെ സ്വകാര്യതയെ മാനിക്കുന്നു എന്ന പേരില്‍ വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ക്കേണ്ട കാര്യമുണ്ടോ...? അന്വേഷിക്കാന്‍ പാടില്ലാത്ത സ്വകാര്യത എന്നത് ഒരു ചര്‍ച്ചാ വിഷയമാണ്. അതില്‍ എന്തെല്ലാം പെടും/എന്തെല്ലാം പെടില്ല ?
ഒരു കാര്യം ഉറപ്പാണ്‌ കുളിമുറിയിലേക്കും കിടപ്പറയിലേക്കുമുള്ള നോട്ടം തീര്‍ച്ചയായും വെട്ടി മാറ്റണം അതോടൊപ്പം സാമ്പത്തിക കാര്യങ്ങളെ തുറന്നു പറയതിരിക്കല്‍ എന്ന കള്ളത്തരത്തെ അനുകൂലിക്കയുമരുത്. എന്താണ് ഒരാളുടെ സ്വകാര്യത..? അത് എന്തിനെയെല്ലാം അടിസ്ഥാനമാക്കി ചിന്തിക്കണം.... രാഷ്ട്രതെയോ സമൂഹത്തെയോ അഴിമാതികളേയോ ലൈംഗീക കൃത്യങ്ങളെ സംബന്ധിച്ചോ...? എന്നിട്ട് തീരുമാനിക്കാം ആ സ്വകാര്യതയെ എങ്ങനെ സംരക്ഷിക്കണം എന്ന്. അതാണ്‌ ചര്‍ച്ച വിഷയവും.

സൊണറ്റ് പറഞ്ഞു...

nice.god bless u .

കൂതറHashimܓ പറഞ്ഞു...

വായിച്ചു. !!

ഷാജു അത്താണിക്കല്‍ പറഞ്ഞു...

നാമൂസ് ഭായ് വളരെ പ്രശക്തമായ സമയോചിതംവുമായ ലേഖനം
ആശംസകള്‍ അറിയിക്കുന്നു

നിയമങ്ങള്‍ നിര്‍മികുന്നത് തന്നെ ഇന്ന് താങ്കള്‍ പറഞ്ഞപോലെ സെലിബ്രേറ്റീസിനും മുതലാളിത്ത്വ മുന്‍നിര വര്‍ഗത്തിനും ഒതുകുന്നതായ നയങ്ങള്‍ പുലര്‍ത്തി മാത്രമാണ് .
വിവരവകാശ നിയമങ്ങളുടെ പോരായ്മകള്‍ ചൂണ്ടികാണിച്ച് നിയമം മാറ്റിമറിക്കുകയാണ് നിയമാളന്മാര്‍ ചെയ്യുന്നത്,
പക്ഷെ ഇത്തരം പ്രവര്‍ത്തികള്‍ തറയാന്‍ ഹാസരേമാര്‍ വരുമോ ജനകീയ കൂട്ടായ്മകള്‍ വരുമോ?
ചിലപ്പോള്‍ വനില്ല എന്നും വരും, അങ്ങിനെ എത്രനിയമ കണ്ണികള്‍ ചവറ്റുകുട്ടകള്‍ക്ക് ശമനമായ് മാറുന്നു!!

ente lokam പറഞ്ഞു...

നിയമം അനുവദിക്കുന്ന സ്വകാര്യതകള്‍
വിട്ടുള്ള വിവരങ്ങള് പോലും ചോദിച്ചു
മനസ്സിലാക്കാന്‍ ഒരു വിവര അവകാശ നിയമം
വേണ്ടി വന്നു എന്നത് തന്നെ നമ്മുടെ ജനാധിപത്യ
ത്തിന്റെ ഒരു ബലഹീനത ആയി എനിക്ക് തോന്നുന്നു ..
എങ്കിലും അത് നന്നായി ...അത്ര എങ്കിലും ആയി ..

ചര്‍ച്ച തുടരട്ടെ ..ആശംസകള്‍ ..

Unknown പറഞ്ഞു...

നല്ല 'കന'മുള്ള ഒരു പോസ്റ്റാണല്ലോ .....വിശദമായി വായിച്ചതിനു ശേഷം തദാരം :)

Akbar പറഞ്ഞു...

പ്രസക്തമായ വിഷയം വളരെ വ്യക്തതയോടെ നാമൂസ് പറഞ്ഞിരിക്കുന്നു.

അനിയൻ തച്ചപ്പുള്ളി പറഞ്ഞു...

തീര്‍ച്ചയായും ഒരു പൌരന്റെ സ്വകാര്യത അവന്റെ മൌലികവകാശം തന്നയന്നെനു ഞാന്‍ വിശ്വസിക്കുന്നു.അതെ സമയം അതിന്റെ നിര്‍വചനം അതാണിവിടെ ചിന്തിക്കപെട്ണ്ട വിഷയം.ആ സ്വകാര്യത പരമ പ്രധാനമായ രാഷ്ട്രത്തിന്റെ മുല്യതെയും സംസ്കാരത്തെയും ഇടിച്ചു താഴ്തുന്നതയിരിക്കുവാന്‍ പാടില്ല .മറ്റുളവരുടെ അവകാശങ്ങളെ നിഷേധിക്കുന്നതോ,ഇല്ലാതാക്കുന്നതോ ആയിരിക്കരുത്.
സ്വിസ്സ് ബാങ്കില്‍ അക്കൌണ്ടുള്ളവരുടെ പേര് വിവരങ്ങള്‍ പുറത്തു വിടാന്‍ സ്വിസ്സ് ഗവര്‍ന്മെന്റ് തീരുമാനം എടുത്തു കഴിഞ്ഞിരിക്കുന്നു .ഏത് നിമിഷവും അത് പുറത്തു വരാം എന്നാണ് വാര്‍ത്തകള്‍ സുചിപ്പിക്കുന്നത്.
വിദ്യാഭ്യാസത്തിന്റെ ലക്‌ഷ്യം "സംസ്കാരമുള്ള ഒരു തലമുറയെ വര്തെടുക്കല്‍" അല്ല മറിച്ച് ഇംഗ്ലീഷ് സംസാരിക്കല്‍ ആണ് എന്ന് ചിന്തിക്കുന്ന നമ്മുടെ സമുഹതോട് വ്യ്ദ്യഭ്യസതെക്കുറിച്ചു സംസാരിക്കുന്നതു വെറും മണ്ടത്തരമാണ് .

Junaiths പറഞ്ഞു...

തികച്ചും വാസ്തവം...നല്ല ലേഖനം

ajith പറഞ്ഞു...

വിവരാവകാശനിയമം ഒരു നല്ല നിയമമാണെന്ന് അറിയാം. ഇനി സ്വകാര്യതയുടെ അളവെവിടെ വരെ? അതറിയില്ല. പബ്ലിക് ഫിഗര്‍ എന്ന് പറയുന്നവരുടെ സ്വകാര്യത വളരെ അധികം വിശാലമല്ല എന്നും അറിയാം. ഇനി ബാക്കിയുള്ളവരുടെ അഭിപ്രായങ്ങള്‍ കൂടി കേള്‍ക്കട്ടെ.

ശ്രീജിത് കൊണ്ടോട്ടി. പറഞ്ഞു...

നാമൂസ്‌.. പോസ്റ്റ്‌ ചര്‍ച്ചക്ക്‌ വെച്ച വിഷയം പ്രാധാന്യമുള്ളത് തന്നെയാണ്. ഓരോ പൌരന്റെയും അറിയാനുള്ള അവകാശത്തെ നിഷേധിക്കാന്‍ ജനാധിപത്യ ഭരണകൂടങ്ങള്‍ക്കാവില്ല. വിവരാവകാശ നിയമം പോലെയുള്ള നിയമങ്ങള്‍ ജനാധിപത്യ വ്യവസ്ഥയില്‍ അനിവാര്യമായ ഒന്നാണ്. എന്നാല്‍ ഇതിന്റെ പരിധിയും, പരിമിതിയും ആണ് ആണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്..!

ഇടശ്ശേരിക്കാരന്(വെടിവട്ടം) പറഞ്ഞു...

വളരെ നന്നായിട്ടുണ്ട് ........

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur പറഞ്ഞു...

"പണമുള്ളവനും അധികാരമുള്ളവനും സ്വകാര്യമായി എന്ത് വൃത്തികേടും ചെയ്യട്ടെ.. ആരുണ്ടെടാ ചോദിക്കാന്‍? നിനക്കൊന്നും വിവരമില്ലേ?"
എന്ന് പച്ചക്കങ്ങു ചോദിച്ചാല്‍ പോരെ ഇവര്‍ക്കൊക്കെ?

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

വായിച്ചു. നന്നായി പറഞ്ഞു നാമൂസ്.
കൂടുതല്‍ ചര്‍ച്ച നടക്കട്ടെ .
ആശംസകള്‍

നസീര്‍ പാങ്ങോട് പറഞ്ഞു...

nallezhutthukal...

Jefu Jailaf പറഞ്ഞു...

വിഷയാധിഷ്ഠിതം.. ആശംസകൾ നാമൂസ് ഭായ്...

MOIDEEN ANGADIMUGAR പറഞ്ഞു...

പ്രസക്തമായ വിഷയം വളരെ ശക്തമായി പറഞ്ഞു നാമൂസ്.
സുപ്രീം കോര്‍ട്ട് നേരിട്ട് ആവശ്യപ്പെട്ടിട്ട് കൂടിയും കാലമിന്നോളം സ്വിസ്സ് ബാങ്കിലേക്കൊഴുകിയ ശതകോടി കള്ളപ്പണത്തിന്‍റെ കണക്കും പേര് വിവരവും വെളിപ്പെടുത്താതിരിക്കുന്നതിന്‍റെ താത്പര്യമെന്ത്?
തീർച്ചയായും ഈയുള്ളവന്റെ മനസ്സിലും കുറെ നാളായി പുകയുന്നൊരു സംശയമാണിത്. കാബിനറ്റിലുള്ളവർ തന്നെ ബിനാമികളുടെ പേരിൽ സ്വിസ്ബാങ്കിൽ കോടികൾ നിക്ഷേപിച്ചിരിക്കുമ്പോൾ കൂടുതൽ പ്രതീക്ഷികൾക്ക് വകയില്ല.

Unknown പറഞ്ഞു...

അര വയര്‍ നിറച്ചുണ്ണാന്‍ കഴിവില്ലാത്ത പട്ടിണിപ്പാവങ്ങളുടെ നാഭിക്കു കുത്തിപ്പിടിച്ചും സ്വന്തമല്ലാത്ത എന്തിനേയും കൂട്ടികൊടുത്തും ഉളുപ്പില്ലാതെ ഉണ്ടാക്കുന്ന പണത്തിന്റെ കണക്കു ചോദിക്കുമ്പോള്‍ സ്വകാര്യത എന്ന ന്യായം പറഞ്ഞ രക്ഷപ്പെടാന്‍ ഒരു ശുനക പുത്രന്മാരേയും അനുവദിക്കാന്‍ പാടില്ല..സ്വകാര്യതയെ കുറിച്ച് വ്യക്തമായ നിര്‍വചനം വന്നേ മതിയാവൂ..നാമൂസ് ഭാവുകങ്ങള്‍...

Unknown പറഞ്ഞു...

:)

ജനാധിപത്യത്തില്‍ വിവരാവകാശം പൗരന്റെ സ്വകാര്യതയെ ഹനിച്ച് കൊണ്ടുള്ളതല്ല. ഭരണഘടനയില്‍ പറയുന്നത്,

“We, the people of India, having solemnly resolved to constitute India into a SOVEREIGN SOCIALIST SECULAR DEMOCRATIC REPUBLIC and to secure to all its citizens:

JUSTICE, social, economic and political.."
അങ്ങനെ പോകുന്നു preamble.

ഭരണഘടന വ്യക്തമായും അര്‍ത്ഥമാക്കുന്നുണ്ട്, വ്യക്തിയുടെ സ്വകാര്യതയെ ഹനിക്കാതെ തന്നെ പരമാവധി സ്ഥിതിസമത്വം നേടാന്‍ ശ്രമിക്കണമെന്നത്. പക്ഷെ, ഭരണഘടനയിലും നീതിന്യായവ്യവസ്ഥയിലുമുള്ള ലൂപ് ഹോള്‍സിലൂടെ ഇവിടെ പലതും നടക്കുമെന്ന് തെളിയിക്കപ്പെടുന്നു!

അപ്പോള്‍, ആദ്യം തീര്‍ച്ചയായും റിവ്യൂ ചെയ്യേണ്ടതും നിര്‍വ്വചിക്കപ്പെടേണ്ടതും നമ്മുടെ ഭരണഘടനയും നീതിന്യായ വ്യ്‌വസ്ഥയും തന്നെ.
(വിഷയം കൈവിട്ടോന്ന് ഒരു തമിശ്യം, ഞാന്‍ നിര്‍ത്തുന്നു!!!)

കുഞ്ഞൂസ് (Kunjuss) പറഞ്ഞു...

വളരെ പ്രസക്തമായ ലേഖനം നാമൂസ്...
സ്വകാര്യതയുടെ അതിര്‍വരമ്പുകള്‍ നിശ്ചയിക്കുമ്പോള്‍ , അത് കള്ളത്തരങ്ങള്‍ മൂടിവെക്കാനുള്ള പഴുതാവരുത്....

mini//മിനി പറഞ്ഞു...

വളരെ നല്ല വിഷയം

Lipi Ranju പറഞ്ഞു...

വളരെ പ്രസക്തമായ പോസ്റ്റ്‌... വ്യക്തികളുടെ ആസ്തികളും മറ്റുമടങ്ങുന്ന വിവരങ്ങള്‍ സ്വകാര്യമായിസൂക്ഷിക്കാമെന്നുള്ള ന്യായവാദത്തെ ഒരിക്കലും
അംഗീകരിക്കാന്‍ ആവില്ല... ഭരണം കുറച്ചൊക്കെ സുതാര്യമായത് വിവരാവകാശം നിയമം പ്രാബല്യത്തില്‍ വന്നതോടെയാണ്. പല വിവരങ്ങളും
മനസില്ലാ മനസോടെ ഭരണകൂടത്തിന് വെളിപ്പെടുത്തേണ്ടി വരുന്നു... അതിനാല്‍ ഈ ചെറിയ തോതിലുള്ള സുതാര്യത പോലും ഭരണകൂടം
ഇഷ്ടപ്പെടാതെയായിരിക്കുന്നു. അതുകൊണ്ടു തന്നെ ഈ നിയമത്തില്‍
വെള്ളം ചേര്‍ക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരിപ്പോള്‍! അതിനെ
പിന്തുണയ്ക്കാന്‍ അഴിമതിയില്‍ മുങ്ങികുളിച്ച പാര്‍ട്ടികളും ഉദ്യോഗസ്ഥരും ഉണ്ടാവും. എന്നാല്‍ ഈ ശ്രമങ്ങളെ ഇല്ലാതാക്കേണ്ടത് ജനങ്ങളുടെ ആവശ്യമാണ്‌.
അതിനാല്‍ നമ്മുടെ അവകാശങ്ങള്‍ വിട്ടുകൊടുക്കില്ലെന്ന് നാം ഉറക്കെ പറയേണ്ടിയിരിക്കുന്നു...

Sidheek Thozhiyoor പറഞ്ഞു...

എവിടെയും സമൂഹം രണ്ടു തട്ടുകളിലായാണല്ലോ കാണപ്പെടുന്നത് , ഉള്ളവനെന്നും ഇല്ലാതവനെന്നുമുള്ള ചേരിതിരിവ് പെട്ടെന്ന് തുടച്ചു മാറ്റാനാവാത്ത ഒരു പൊള്ളുന്ന സത്യമായി മുഴച്ചു നില്‍ക്കുന്നു, ഉള്ളവരുടെ പക്കലിരിക്കുന്ന നീതിന്യായങ്ങള്‍ ഇരന്നു വാങ്ങേണ്ട ഗതികെടാണ് ഇല്ലാത്തവനുള്ളത്, മായം ചേര്‍ത്ത നിയമങ്ങളാണ് പലപ്പോഴും നമുക്ക് ലഭിക്കുന്നത് , തുല്യ പരിഗണനയും അവകാശങ്ങളും ജനാധിപത്യത്തിന്‍റെ ശെരിയായ മൂല്യങ്ങളായി പരിഗണിക്കുന്ന ഒരു ഭരണകൂടവും നീതിപീഠവും ഇനിയും ഇവിടെ വന്നെത്തെണ്ടിയിരിക്കുന്നു.

സീയെല്ലെസ്‌ ബുക്സ്‌,തളിപ്പറമ്പ പറഞ്ഞു...

ഗഗനമായ പോസ്റ്റ്‌.
വളരെ നന്നായി

കെ.എം. റഷീദ് പറഞ്ഞു...

ഒരു ഭരണാധികാരി എന്ന നിലക്കോ, രാജ്യത്തിന്റെ ഭരണയന്ത്രത്തിന്റെ ഭാഗമായി നില്‍ക്കുന്നവര്‍ എന്ന നിലക്കോ വ്യക്തിജീവിതത്തിലെ സംശുദ്ധി കാത്തു സൂക്ഷിക്കണം. മാത്രമല്ല അവരുടെ വ്യക്തിജീവിതത്തെ അറിയാനുള്ള സ്വാതന്ത്ര്യം രാജ്യ നിവാസികല്‍ക്കുണ്ട്. അങ്ങനെ നോക്കുമ്പോള്‍ നാമൂസ് പറഞ്ഞത് പോലെ വിപ്ലവകരമായ ഒരു നിയമമായിരുന്നു വിവരാവകാശ നിയമം. ഒരു പാട് പേരുടെ മുഖം മൂടി അഴിഞ്ഞു വീഴുകയും യഥാര്‍ത്ഥ മുഖം ചെന്നായ്ക്കളുടെതാണെന്ന് ജനം അറിയുകയും ചെയ്യുന്നു എന്നതാവണം വിവരാവകാശ നിയമത്തിനു പരിധി നിശ്ചയിക്കുക എന്നപേരില്‍ വിവരാവകാശ നിയമത്തിന്റെ ആത്മാവിനെ തന്നെ ചോര്ത്തിക്കളയാന്‍ പറ്റുമോ എന്നവര്‍ നോക്കുന്നത് .
വളരെ പ്രസക്തമായ പോസ്റ്റ്‌ . ഒരു നിര്‍ദേശം കൂടി . ബ്ലോഗ്‌ വായനക്കാരില്‍ അതികവും സാധാരണക്കാരാണ്
അതുകൊണ്ട് ഭാഷ കുറച്ചു ലഘുവാക്കണം

രമേശ്‌ അരൂര്‍ പറഞ്ഞു...

സ്വകാര്യതകള്‍ പലപ്പോഴും ദേശദ്രോഹപരവും സാമൂഹിക വിരുദ്ധവും ആകുന്നിടത്താണ് ഈ നിയമം പ്രസക്തമാകുന്നത് ..അങ്ങിനെയുള്ള നിരവധി ഉദാഹരങ്ങള്‍ സമൂഹത്തിലെ വമ്പന്മാരുടെ ഒളിച്ചു കളിയിലൂടെ അനാവരണം ചെയ്യപ്പെട്ടതാണ് ..എന്തൊക്കെ സ്വകാര്യതയില്‍ (സ്വന്തം കാര്യത്തില്‍ )ഉള്‍പ്പെടുത്താം എന്തൊക്കെ പൊതു ക്കാര്യങ്ങളില്‍ ഉള്‍പ്പെടുത്താം എന്ന് നിശ്ചയിക്കപ്പെടണം അതിനൊരു വ്യവസ്ഥ വേണം ..കാരണം ചിലരുടെ ആവശ്യങ്ങള്‍ മറ്റുള്ളവര്‍ക്ക് അനാവശ്യങ്ങള്‍ ആണല്ലോ .എന്നിട്ട് തീരുമാനിക്കാം ഇപ്പോളത്തെ നിയമം വേണോ വേണ്ടയോ എന്ന്

MT Manaf പറഞ്ഞു...

വമ്പന്മാര്‍ രക്ഷപ്പെടുകയും ചെറിയ പ്രാണികള്‍ കുടുങ്ങുകയും ചെയ്യുന്ന പതിവ് ശൈലി ഇവിടെയും ആവര്‍ത്തിച്ചു കൂടാ. വിവരാവകാശം ജനാധിപത്യത്തിന്‍റെ മാറ്റു കൂട്ടിയ നാഴിക മണിയാണ്. ദുര്‍ന്യായങ്ങള്‍ അതിനെ മങ്ങലേല്പ്പിക്കാതിരിക്കട്ടെ!

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

'ഭൂരിപക്ഷത്തിനു തലകള്‍ മാത്രമേ ഉള്ളൂ. തലച്ചോര്‍ ഉണ്ടാകണമെന്നില്ല' എന്നൊരു ചൊല്ലുണ്ട് .
ഇങ്ങനെ ഭൂരിപക്ഷതിനാല്‍ തിരഞ്ഞെടുക്കുന്ന ഏതാനും പേര്‍ ചേര്‍ന്ന് വളരെ ന്യൂനപക്ഷമായ ചില 'മുതലാളിമാര്‍ക്ക് വേണ്ടി' നിയമങ്ങള്‍ ഉണ്ടാക്കുന്നു.
അണ്ണാഹസാരമാരെയും ശര്മിലമാരെയും അതുപോലെ നിര്‍ഭയം ഉയരുന്ന ചില ശബ്ദങ്ങളെയും അനുബോംബിനെക്കാള്‍ ഈ ഭരണകൂടം ഭയക്കുന്ന കാരണം കഴുതകളായ ഈ ഭൂരിപക്ഷത്തിനു വേണ്ടി ചില നിയമങ്ങള്‍ കൊണ്ടുവരുന്നു. ഉടനെ മേല്പറഞ്ഞ കോടീശ്വരന്യൂനപക്ഷം ഇടപെടുകയായി.
ഈ ഇടപെടലുകള്‍ക്ക് മേല്‍ നമ്മുടെ ഇടപെടലുകള്‍ അത്യാവശ്യമാണ്.ഇത്തരം 'ഉറക്കെപറച്ചിലുകള്‍' വ്യാപകമാകേണ്ടത് വളരെ അനിവാര്യമാണ്. എന്നാല്‍ നമ്മള്‍ അധികവും ഒട്ടകപ്പക്ഷിയെ പോലെ മണ്ണില്‍ തലപൂഴ്ത്തി ഇരിപ്പാണ്!
"നാം സ്വയം പുഴുവായാല്‍, ആളുകള്‍ നമ്മെ ചവിട്ടുന്നു എന്ന് പരാതി പറയുന്നതില്‍ അര്‍ത്ഥമില്ല"
ആശംസകള്‍ നാമൂസ്‌ .

(താങ്കളുടെ ഉദേശ്യം 'ഉദേശ്യം' ആണെങ്കില്‍, പോസ്റ്റില്‍ കൊടുത്ത 'ഉദേശ'ത്തിനു പകരം 'ഉദേശ്യം" എന്ന് കൊടുക്കാന്‍ അപേക്ഷ. ഒപ്പം; കെ എം റഷീദ്‌ ഭായ്‌ പറഞ്ഞ നിര്‍ദേശം ഒന്ന് പരിഗണിക്കണമെന്ന ഓര്‍മ്മപ്പെടുതലും)

Sabu Hariharan പറഞ്ഞു...

നല്ല വിഷയം നാമൂസ്ജി!
പക്ഷെ നാമൂസ് ലേഖനത്തിൽ സ്വകാര്യതയെ ബാധിച്ച ഒരു
സംഭവം പോലും പറഞ്ഞില്ലല്ലോ.. എന്താണ്‌ ഉദ്ദേശിച്ചത്? ..
ഏതു സംഭവമാണ്‌?..

yousufpa പറഞ്ഞു...

ഇന്ന് നിയമത്തിന് യാതൊരു വിലയും ഇല്ല.ഭരണാധിപന്മാർ തുടങ്ങി ന്യായാധിപന്മാർ നിയമ പാലകർ വരെ അത് ദുരുപയോഗം ചെയ്യുന്നു.പിന്നെയാണൊ സാധാരണ ജനങ്ങൾ..?.
ഇന്ന് സ്വകാര്യതയിലേക്ക് ഊളിയിടുന്ന ഹൂളിക്കൻസ് പലർക്കും തലവേദനയാണെങ്കിലും തെഹൽക പോലുള്ള മാധ്യമങ്ങളുടെ പ്രവർത്തനങ്ങളെ അംഗീകരിക്കാതെയും വയ്യ.പുതിയ നിയമ നിർമ്മാണത്തിൽ ആശങ്കക്ക് വകയൊന്നുമില്ല.

ഷബീര്‍ - തിരിച്ചിലാന്‍ പറഞ്ഞു...

പ്രസക്തമായ വിഷയം നാമൂസ്... തീര്‍ച്ചയായും വളരെ ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം തന്നെയാണിത്. ഈ വിഷയം ഇവിടെ അവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍. ചര്‍ച്ചകള്‍ നടക്കട്ടെ...

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

കാലഘട്ടത്തിനു യോജിച്ച വിഷയം നന്നായി അവതരിപ്പിച്ചു.

കൊമ്പന്‍ പറഞ്ഞു...

നാമൂസ് പങ്കുവെച്ചതിനെ സമൂഹം ഇന്ന് ആശങ്ക യോട് കൂടി കാണുന്നത് സ്വകാര്യത ഏതറ്റം വരെ പോകും എന്നത് നമുക്ക് കാത്തിരുന്നു കാണാം

Ismail Chemmad പറഞ്ഞു...

കാലികവും ചിന്താര്‍ഹാവുമായ ലേഖനം
ആശംസകള്‍ നമൂസ്.
സ്നേഹത്തോടെ ഇസ്മായില്‍ ചെമ്മാട്

Unknown പറഞ്ഞു...

വായിച്ചു..

വീകെ പറഞ്ഞു...

നല്ല ചിന്തകൾ...

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

സ്വകാര്യത എന്ന സങ്കല്‍പം ഉരുവം കൊള്ളുന്നതും അതിനെ നിര്‍വ്വചിക്കുന്നതും തീര്‍ത്തും വ്യക്തിത്യാധിഷ്ടിതം എന്ന നിലക്കാണോ.?
അതില്‍, രാഷ്ട്രത്തെയും സമൂഹത്തെയും ജനാധിപത്യാരോഗ്യത്തെയും ബാധിക്കുന്ന വിഷയങ്ങളിലെ തീര്‍പ്പെന്താണ് ..?
പൊതുപ്രാധാന്യമുള്ള വിഷയങ്ങളില്‍ ഈ നിയമം/അവകാശം എങ്ങനെയാണ് ഇടപെടുക...?

പക്ഷേ ഈ ചിന്തകളൊന്നും പങ്കുവെച്ചില്ലല്ലോ

Dr.Muhammed Koya @ ഹരിതകം പറഞ്ഞു...

അടുത്ത കാലത്ത് വന്ന നിയമങ്ങളില്‍ ഏറ്റവും വിപ്ലവാത്മകമാണ് വിവരാവകാശ നിയമം.സാധാരണക്കാരന്‍ മുതല്‍ ആക്ടിവിസ്റ്റ് വരെ അത് ആയുധമാക്കിയിട്ടുണ്ട്.അത് കൊണ്ടുവന്ന ഭരണകൂടം തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്.എന്നാല്‍ സമീപകാല വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഈ നിയമത്തെ ബാലികൊടുക്കാനുള്ള കത്തി രാകുന്ന ശബ്ദം കേള്‍ക്കുന്നുണ്ട്.പൊതുപ്രവര്‍ത്തകണോ ഉന്നത ഉദ്യോഗതലത്തില്‍ വിരാജിക്കുന്നവര്‍ക്കോ സ്വകാര്യതക്ക് പരിധിയുണ്ട്.ഒരു മുന്‍ ചീഫ്‌ജസ്റ്റിസ്‌ തന്റെ സ്വത്ത്‌വിവരം സംബന്ധിച്ച് ഈ വാദം ഉയര്‍ത്തിയത്‌ നാം കേട്ടല്ലോ.ഇവരൊക്കെ എത്ര വാരിക്കൂട്ടി എന്നരിയാനെന്കിലുമുള്ള അവകാശം നികുതി കൊടുക്കുന്ന പൌരനില്ലേ?. ഇപ്പോള്‍ സി ബി ഐ യെക്കൂടി ഒഴിവാക്കുന്നത്രേ. ഇങ്ങനെ കൈയും കാലും വെട്ടി അതിനെ ഇല്ലയ്മചെയ്യുന്നതിന്നെതിരെ ശബ്ദ്മുയരട്ടെ....

കാലിക പ്രസക്തമായ പോസ്റ്റ്‌...ഇത്തരം പോസ്റ്റുകള്‍ ചെയ്യുമ്പോള്‍ കുറച്ചുകൂടി കൃത്യമായ വിവരങ്ങള്‍ കൂടി നല്‍കിയാല്‍ നന്ന്.

ഭാവുകങ്ങള്‍ .....

പട്ടേപ്പാടം റാംജി പറഞ്ഞു...

കൂടുതല്‍ ചര്‍ച്ച നടക്കേണ്ട ഒരു വിഷയം വളരെ നന്നായി തന്നെ ഇത്തവണയും അവതരിപ്പിച്ചിരിക്കുന്നു. എന്തൊക്കെ നിയമങ്ങള്‍ വരുമ്പോഴും അതില്‍ ചില സംരക്ഷണങ്ങള്‍ കൂട്ടിച്ചെര്‍ക്കുന്നതിലെക്ക് കാര്യങ്ങള്‍ നീങ്ങുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

തൂവലാൻ പറഞ്ഞു...

വിവരാവകശ നിയമം ദുരുപയോഗം ചെയ്താണ് മുംബൈ ഭീകരാക്രമണം പ്ലാൻ ചെയ്തതെന്ന് ഒരു റിപ്പോർട്ട് ഇടക്കാലത്ത് കണ്ടിരുന്നു…

അജ്ഞാതന്‍ പറഞ്ഞു...

ഞാനും വായിച്ചു എന്തൊക്കെയോ മനസ്സിലായി.. എന്തൊക്കെയോ മനസ്സിലാകാനുമുണ്ട് ...

വളരെ പ്രസക്തമായ പോസ്റ്റ്‌ . ഒരു നിര്‍ദേശം കൂടി . ബ്ലോഗ്‌ വായനക്കാരില്‍ അതികവും സാധാരണക്കാരാണ്
അതുകൊണ്ട് ഭാഷ കുറച്ചു ലഘുവാക്കണം ഇത് ഞാനും അഭിപ്രായപ്പെടുന്നു...

Prasanna Raghavan പറഞ്ഞു...

വിവരാവകാശ ബില്‍ ജനങ്ങള്‍ക്ക് ഈ ക്ഴുത്തറപ്പന്‍ കുത്തക-മുതലാളിത്ത വ്യവസ്ഥയില്‍ അതു മാത്രമണ് ഒന്നു പീടിച്ചു നില്‍ക്കാനുള്ളത്, ഇപോള്‍. അതു തന്നെ എങ്ങ്നെ ഉപ്അയോഗിക്കണമെന്ന് ജനങ്ങള്‍ ഇനിയും മനസിലക്കേണ്ടിയിരിക്കുന്നു.
എന്നിട്ടിപ്പോള്‍ അതിന്റെയും ചിറകു മുറിക്കാന്‍ ശ്രമം. നന്നായി ചര്‍ച്ച.ഈ ചര്‍ച്ച ബ്ലോഗ്ഗിന്റെ വേദിയില്‍ കൂടി വളര്‍ന്നു വലുതാകട്ടെ എന്നാശ്മിക്കുന്നു.

നിരീക്ഷകന്‍ പറഞ്ഞു...

ഏതു നിയമവും എഴുതിയുണ്ടാക്കുന്നവര്‍ തന്നെ പഴുതുകളും കണ്ടെത്തും നിയമ നിര്‍മ്മാണമല്ല നിയമ വ്യാഖ്യാനമാണ് പ്രശ്നം. തന്റെ കക്ഷിക്ക് അനുയോജ്യമായി വ്യാഖ്യാനിക്കാന്‍ കഴിയുന്നവന് ഏതു നിയമവും അനുകൂലമാക്കി മാറ്റാം. എല്ലാം പകുതി തുറന്ന (അടച്ച)വാതില്‍ പോലെയാണ്.കാണുന്നവന്‍ പറയുന്നതാണ് ശരി. പിന്നെ അധികാരവും സ്വാധീനവും വേണ്ട വിധത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്നവന് ഒന്നും പ്രശ്നമല്ല.ആവശ്യക്കാരന്‍ എടുത്തു കൊണ്ട് പോകും അയാള്‍ കഴിവുള്ളവന്‍ കൂടി ആണെങ്കില്‍ അയാള്‍ എടുത്ത സാധനം അതേ സാഹചര്യത്തില്‍ ആണെങ്കില്‍ പോലും മറ്റൊരാള്‍ക്ക് നിയമപ്രകാരം കൊടുക്കേണ്ടി വന്നാല്‍ പോലും കൊടുക്കുകയുമില്ല.

സീത* പറഞ്ഞു...

വളരെ നല്ല ലേഖനം...നിയമങ്ങൾ ചിലപ്പോൾ രക്ഷയും ചിലപ്പോൾ ശിക്ഷയും ആകും..

ചന്തു നായർ പറഞ്ഞു...

ആദ്യമായി.... റഷീദിന്റെ‘ഒരു നിര്‍ദേശം കൂടി . ബ്ലോഗ്‌ വായനക്കാരില്‍ അതികവും സാധാരണക്കാരാണ്അതുകൊണ്ട് ഭാഷ കുറച്ചു ലഘുവാക്കണം‘ എന്ന കമന്റ് ശ്രദ്ധിക്കുമല്ലോ... ഇനി വിഷയത്തിലേക്ക്...പൌരന്‍റെ സ്വകാര്യതയെ മാനിക്കുന്നു എന്ന പേരില്‍ വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ക്കേണ്ട കാര്യമുണ്ടോ...? ഇവിടെ പൌരൻ എന്നുള്ളിടത്ത് സാധാരണ ജനം. എന്നും..ഭരണകർത്താക്കൾ, ഉദ്ദ്യോഗസ്ഥർ,കൊള്ളക്കാർ, ‘നുഴഞ്ഞു കയറ്റക്കാർ’ എന്നിങ്ങനെ തരം തിരിക്കുക.....കുളിമുറിയിലേക്കും കിടപ്പറയിലേക്കുമുള്ള നോട്ടം തീര്‍ച്ചയായും വെട്ടി മാറ്റണം എന്നത് ശരി.. ഒരുവൻ അന്യന്റെ കുളിമുറിയിലും, കിടപ്പറ്യിലും കയറുകയാണെങ്കിൽ അതിൽ ഇടപെടണം... അതുപോലെ മേൽ‌പ്പറഞ്ഞ സാധാരണക്കാരല്ലാത്ത എല്ലാവന്റേയും കിട്പ്പുമുറിയിലും കുളിമുറിയിലും മാത്രമല്ലാ... വീടീന്റെ അസ്ഥി വാരം വരെ തോണ്ടി നോക്കണം.. സ്വിസ് ബാങ്കിന്റെ അക്കൌണ്ട് മാത്രമല്ലാ... നമ്മൾ നെട്ടിത്തരിക്കുന്ന പലതും അവിടെ കാണൻ കഴിയും പക്ഷേ ഒരു അണ്ണാഹസാരെ മാത്രം മതിയോ ഇതൊക്കെ കണ്ട് പിടിക്കാൻ... നമ്മളൂം പങ്കാളിയാകണം എല്ലാറ്റിനും... ഇന്നലെ റ്റി.വി.യിൽ വിക്രമൈന്റെ ‘കന്തസ്വാമി’ കണ്ടിരുന്നൂ... പ്രീയമുള്ളവരെ നമ്മൾ ആ സിനിമ കാണണം അതിന്റെ ബോക്സാഫീസ് വശങ്ങളല്ലാ മറിച്ച് അതിലെ ഉള്ളടക്കത്തെപ്പറ്റി ചിന്തിക്കണം.... അതുവഴി നമ്മളും ഇവന്റെയൊക്കെ സ്വകാര്യതയിലെക്ക് നടന്നിറങ്ങണം....എങ്കിലേ ഈ നാട് നന്നാവൂ... ചില പൊയ് മുഖങ്ങൾ ഇവിടെ അഴിഞ്ഞുവീഴാനുണ്ട്....

Yasmin NK പറഞ്ഞു...

ഗുണ്ടര്‍ട്ടിന്റെ നിഘണ്ടു ഉണ്ടോ ഒന്നെടുക്കാന്‍...!!

നാമൂസ് പറഞ്ഞു...

ഇവിടം സന്ദര്‍ശിക്കുകയും താന്താങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കുകയും ചെയ്ത എല്ലാ ബഹുമാന്യ സുഹൃത്തുക്കള്‍ക്കും ഹൃദയ പൂര്‍വ്വം നന്ദി.

റഷീദ്, ഉമ്മു അമ്മാര്‍, മുല്ല തുടങ്ങിയവരുടെ അഭിപ്രായത്തില്‍ 'ലേഖനത്തിലെ' ഭാഷയേയും ശൈലിയേയും പരാമര്‍ശിച്ചു കണ്ടു.സുഹൃത്തുകളെ നമുക്കെല്ലാം തീര്‍ത്തും പരിചിതങ്ങളായ വാക്കുകളുടെ സഹായത്താലാണ് ഈ ചിന്തകള്‍ ഇവിടെ പകര്‍ത്തിയിട്ടുള്ളതെന്നാണ് ഞാന്‍ കരുതുന്നത്. അവയൊന്നും ഏറെ ദുര്‍ഗ്രാഹ്യമായി അനുഭവപ്പെടാന്‍ സാധ്യതയില്ലെന്നുമാണ് ഞാന്‍ വിശ്വസിക്കുന്നത്.

കൂടെ,കൂട്ടുകാരുടെ ഏതൊരു നിര്‍ദേശത്തെയും എനിക്ക് സാധ്യമായ അളവില്‍ പരിഗണിക്കുമെന്ന് ഞാന്‍ വാഗ്ദത്തം ചെയ്യുന്നു. സഹൃദയര്‍ക്ക് നന്ദി.!

അഡ്വ. സക്കീന പറഞ്ഞു...

നിയമ വശങ്ങളെ കുറിച്ചു എല്ലാം പറഞ്ഞിരിക്കുന്നതിനാല്‍ ഒന്നും പറയാനില്ല. ചര്‍ച്ചയില്‍ പങ്കെടുത്തു. കോടതി വഴി എന്തെങ്കിലും നേടാനാവുമെങ്കില്‍ സമത ലോ സൊസൈറ്റി എന്നൊരു കൂട്ടായ്മയുണ്ട് എറണാകുളത്ത്‌, ശ്രമിക്കണോ?

Unknown പറഞ്ഞു...

എല്ലാ നിയമങ്ങളും അധികാരവര്‍ഗത്തിന്റെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന കാഴ്ചയാണ് നിലവില്‍ കണ്ടു വരുന്നത്. സുപ്രിം കോടതിയില്‍ പോയി ഒരു സാധാരണക്കാരന് നീതി നടപ്പിലാക്കാന്‍ കഴിയുമോ? വിവരാവകാശ നിയമം എന്തൊക്കെ കുരവുകലുണ്ടാന്കിലും സാധാരണക്കാരന് ഒരാശ്രയം തന്നെയാണ്. പക്ഷെ അതും വളചോടിക്കപ്പെടുന്നു. വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ക്കേണ്ടത് അധികാരവര്‍ഗത്തിന്റെ നിലനില്‍പ്പിന്റെ ആവശ്യമാണ്‌. അതിനു വേണ്ടി ഭരണ പ്രതിപക്ഷ കക്ഷികള്‍ തീര്‍ച്ചയായും ഒന്നിക്കും. അതിനായി കൂടുതല്‍ കാരണങ്ങള്‍ ഇവറ്റകള്‍ തെടികൊണ്ടിരിക്കും. നല്ല ലേഖനം .ആശംസകള്‍ ...

Pradeep Kumar പറഞ്ഞു...

സൃഷ്ടിച്ചവര്‍ പോലും സങ്കല്‍പ്പിച്ചിട്ടില്ലാത്ത അത്ര ഉയരത്തിലെത്തിയ ഒരു നിയമത്തെ വലിച്ചു താഴെ ഇറക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.ഇത് ഇങ്ങിനെ പോയാല്‍ ഭസ്മാസുരനു വരം കൊടുത്ത അവസ്ഥയാവും എന്ന് 'ചിന്തിക്കേണ്ടവര്‍' ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.ഏതായാലും ഇത്തരം വെള്ളം ചേര്‍ക്കലുകള്‍ കൊണ്ട് തകര്‍ന്നടിയാന്‍ പോവുന്നത് അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞ ഒരു സാമൂഹ്യവ്യവസ്ഥിതിയില്‍ നിസ്സഹായരായി ഉഴലേണ്ടി വരുന്ന ദുര്‍ബലരായ ഒരു ജനതയുടെ ഏക പ്രതീക്ഷയാണ്.
ഉറക്കെ ചിന്തിക്കേണ്ട ഈ വിഷയം മന്‍സൂര്‍ നന്നായി അവതരിപ്പിച്ചു.

വാല്യക്കാരന്‍.. പറഞ്ഞു...

പിന്നെ,
ഏറെ ചര്‍ച്ച ചെയ്യപ്പെടാത്ത വിഷയം തന്നെ.
ഇന്ത്യക്കാരന്റെ സ്വകാര്യതയുടെയും സഭ്യതയുടെയും അതിര്‍വരമ്പുകളൊക്കെ എത്രത്തോളമുണ്ടെന്ന് പറയേണ്ട കാര്യമില്ലല്ലോ..

സുനില്‍ ‍‍‍പെരുമ്പാവൂര്‍ പറഞ്ഞു...

പ്രജകള്‍ക്കു ചേര്‍ന്ന രാജാവിനെയാവും കിട്ടുന്നത് എന്നൊരു ചൊല്ല് കേട്ടിട്ടുണ്ട്. ഓരോ പൌരനും നിര്‍വഹിക്കേണ്ട കടമകളുമുണ്ട് .
എന്റെ ഗൌരവതരമായ വായനയുടെ കുറവുകൊണ്ടാകാം ഈ പദപ്രയോഗങ്ങള്‍ ഞാനുമായി രമ്യതയിലാകുന്നതേയില്ല. അതുകൊണ്ട് ഓടിച്ചു വായിച്ചു അഭിപ്രായം പറയാന്‍ ഞാന്‍ നിര്‍ബന്ധിതനായിരിക്കുന്നു.

Renjith പറഞ്ഞു...

കാലികമായ വിഷയം അതിന്റെ രണ്ടറ്റവും കൂട്ടി പറയുക എന്നത് നല്ല വായനാനുഭവം തരുന്നു....വിവരാവകാശ നിയമത്തിന്റെ കടക്കല്‍ സ്വകാര്യതയുടെ പേര് പറഞ്ഞു കത്തി വെക്കാനുള്ള തീരുമാനത്തെ ഒരു ജനാധിപത്യ വിശ്വാസിയുടെ എല്ലാ ആകുലതകലോടെയും ആവേശത്തോടെയും നമൂസ്‌ പറഞ്ഞു...അതോടൊപ്പം സ്വകാര്യതയുടെ സംരക്ഷണം സത്യത്തില്‍ എന്താണ് സ്വകാര്യത അത് നാടിനു അനുകൂലവും പ്രതികൂലവും എന്നുണ്ടോ ഉണ്ടെങ്കില്‍ അനുകൂലമായ സ്വകാര്യതയെ സംരക്ഷിക്കണം എന്നും പ്രതികൂലമായ സ്വകാര്യത സംരക്ഷിക്കപെടെണ്ടാതില്ല എന്നും നമൂസ്‌ വ്യക്തമാക്കുന്നതായി തോന്നുന്നു...ശരിയാണ് സ്വകാര്യതയെ കുറിച്ചും വിവരാവകാശ സംരക്ഷണം എന്നപേരില്‍ അതിന്റെ രൂപം മാറ്റാനുള്ള തീരുമാനങ്ങളെയും ശക്തമായ യുക്തിയില്‍ പങ്കു വെച്ചതിനു അഭിവാദ്യങ്ങള്‍.....

A പറഞ്ഞു...

ലിപി രഞ്ജു പറഞ്ഞതിനടിയില്‍ ഒരു ഒപ്പ്. ഭരണകൂടങ്ങള്‍ അത് ഏതു പാര്‍ട്ടിയുടെയായാലും പൌരാവകാശങ്ങളെ പരിമിതപ്പെടുത്തി സ്വയം എല്ലാ ജനാധിപത്യവിരുദ്ധ പ്രവണതകളെയും പ്രോത്സാഹിപ്പിക്കാന്‍ അത്യുത്സാഹം കാണിക്കുന്നതായിട്ടാണ് എല്ലാ കാലത്തും കണ്ടു വരുന്നത്. ems സര്‍ക്കാരിനെ കേന്ദ്ര സര്‍ക്കാര്‍ പിരിച്ചു വിട്ടത് മുതല്‍, ഇന്ദിരാഗാന്ധിയുടെ അടിയന്തിരാവസ്ഥ വരെ അതിന്‍റെ വ്യക്തമായ ഉദാഹരണങ്ങളാണ്. നാമൂസ് ഇവിടെ ഉയര്‍ത്തിയ വിഷയം അത്യന്തം ഗൌരവമര്‍ഹിക്കുന്ന ഒന്നാണ്. അത് ആരെയും ബോധ്യപ്പെടുത്തും വിധം അവതരിപ്പിച്ചു എന്നതില്‍ താങ്കള്‍ അഭിനന്ദനം അര്‍ഹിക്കുന്നു. ചര്‍ച്ചകള്‍ തുടരട്ടെ.

Fousia R പറഞ്ഞു...

വിവരാകാശത്തെക്കുറിച്ച് വിവരം വയ്ക്കാന്‍ ഞാന്‍ അല്പം വൈകി.
സ്വകാര്യത ഉണ്ടായത് മുതലാളിത്തത്തിന്റെ വരവോടെയാണെന്ന് വായിച്ചത് ഓര്‍ക്കുന്നു.
സ്വകാര്യത്തിലെ ഏത് കാര്യങ്ങളാണാവോ മൗലികാവകാശമയി മൂടിപ്പൊതിഞ്ഞ് വയ്ക്കാന്‍ പോകുന്നത്.

നികു കേച്ചേരി പറഞ്ഞു...

സ്വകാര്യത, വ്യക്തി സ്വാതന്ത്രം എന്നിങ്ങനെ ചക്കിനു ചുറ്റും തിരിപ്പിച്ചാൽ കാര്യങ്ങൾ എളുപ്പവും ജനപിന്തുണ കിട്ടുമെന്നുള്ള ധാരണയാവാം.
അഭിനന്ദനങ്ങൾ.

KUTTAN GOPURATHINKAL പറഞ്ഞു...

ഞാന്‍ യോജിക്കുന്നു.
ഇതൊരു ഇമ്മിണി ബല്യേ രാജ്യമാ. ഇവിടെ നാനാതരം ജാതിമതവിഭാഗങ്ങളുണ്ട്.അവര്‍ക്കെല്ലാം അവരവരുടേതായ ആചാര മര്യാദകളുണ്ട്. അതുകൊണ്ടുതന്നെ ഒരു സമാവായം ഒരുകാര്യത്തിലും ഉണ്ടാവാന്‍ എളുപ്പമല്ല.അതുകൊണ്ടുതന്നെ അവരെ ഭിന്നിപ്പിച്ചുനിര്‍ത്താന്‍ എളുപ്പമാണുതാനും.
ഒരു ബ്ലോഗിടാം, പത്രാധിപര്‍ക്ക് ഒരു കത്തെഴുതാം.. അതില്‍ക്കൂടുതല്‍‌ ഒന്നും ഒരാള്‍ക്ക് തനിച്ചു ചെയ്യാനാവില്ല.ആശയങ്ങള്‍ സ്വരുക്കൂടുമ്പോള്‍ അവയെ കൂട്ടി നയിക്കാന്‍ ‘ഒരാളെ’ കിട്ടാന്‍ എളുപ്പവുമല്ല.
അങ്ങനെ ഒരാള്‍ വരാതിരിക്കില്ല. അതിനു സമയവുമായി.
(കോണ്‍ഗ്രസ്സ് പ്രസിഡണ്ടിന്റെ ജാതി ചോദിച്ചതാണോ ഈ ഒരു വെള്ളം ചേര്‍ക്കലിനു അവരെ പ്രേരിപ്പിച്ചത് ?)

ഉസ്മാന്‍ പള്ളിക്കരയില്‍ പറഞ്ഞു...

അർഹിക്കുന്ന ഗൌരവത്തോടെ വിഷയത്തെ സമീപിച്ചു. വിവരാവകാശനിയമത്തിന്റെ വാലും തലയും മുറിച്ച് അതിനെ നപുംസകമാക്കി മാറ്റാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു.

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

ബ്ലോഗിലൊതുങ്ങേണ്ട വിഷയമാണെന്ന് തോന്നുന്നില്ല. സ്വകാര്യതയുടെ നിര്‍വചനം മുതല്‍ ചര്‍ച്ച തുടങ്ങേണ്ടി വരും. ചര്‍ച്ച കാണുന്നുണ്ട്.

Echmukutty പറഞ്ഞു...

ഈ പോസ്റ്റ് നേരത്തെ വായിച്ചിരുന്നു. ഈ നിയമത്തിലും പറ്റുന്നയിടത്തെല്ലാം കഴിയുന്നത്ര വെള്ളം ചേർക്കാനുള്ള എല്ലാ പരിശ്രമവും സംഘടിതമായി നടക്കുന്നുണ്ട്. അതീവ ജാഗ്രത പുലർത്തിയില്ലെങ്കിൽ പൊതുജനം വഞ്ചിയ്ക്കപ്പെടുമെന്നതിന് യാതൊരു സംശയവുമില്ല.

ലേഖനം നന്നായി.

അഷ്ക്കർ തൊളിക്കോട് പറഞ്ഞു...

നമൂസിനെ ആദ്യമായി വായിക്കുന്നു..നല്ല എഴുത്ത്,,
..
അറിയാനുള്ള അവകാശത്തെ തടയിടുന്നവര്‍ ജനങ്ങള്‍ അറിയരുത് എന്ന് വാശി പിടിക്കുന്നവര്‍, ജനങ്ങള്‍ എല്ലാം അറിയേണ്ട എന്ന് വാദിക്കുന്നവര്‍ .. ഇവര്‍ക്കിടയില്‍ ജനങ്ങള്‍ അറിയാന്‍ പാടില്ലാത്ത എന്നാല്‍ അറിയേണ്ട എന്തോ കാര്യങ്ങള്‍ ഒളിച്ചിരിപ്പുണ്ട്..എന്ന് സംശയിക്കേണ്ടിയിരിക്കുന്നു..

mayflowers പറഞ്ഞു...

വളരെ informative ആയ ലേഖനം.
ഉമ്മു അമ്മാര്‍ പറഞ്ഞ പോലെ,കുറച്ച് കൂടി ലളിതമായി വിവരിച്ചിരുന്നെങ്കില്‍ എന്ന് തോന്നിപ്പോയി.

kharaaksharangal.com പറഞ്ഞു...

പ്രസക്തമായ ലേഖനമാണ്. ഭരണാധികാരിയുടെ സ്വകാര്യതയും സാധാരണ പൗരന്റെ സ്വകാര്യതയും വ്യത്യസ്തമാണല്ലോ. ഭരണാധികാരിയുടെ സ്വകാര്യത നിര്‍വചിക്കപ്പെടേണ്ടിയിരിക്കുന്നു.

ഈറന്‍ നിലാവ് പറഞ്ഞു...

വളരെ ശക്തമായ ഭാഷയില്‍ തന്നെ പ്രതികരിച്ചു ....ഈ പ്രതികരണങ്ങള്‍ നമ്മളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു എന്നാ വിഷമം മാത്രം ...ആശംസകള്‍ ...

Noushad Koodaranhi പറഞ്ഞു...

"വ്യക്തികളുടെ ആസ്തികളും മറ്റുമടങ്ങുന്ന വിവരങ്ങള്‍ തീര്‍ത്തും സ്വകാര്യമായിതന്നെ സൂക്ഷിക്കാമെന്നുള്ള ന്യായവാദത്തെ കൂടുതല്‍ പിടിച്ചുപറിക്കും അഴിമതിക്കും അന്യായമായ സ്വത്ത് സമ്പാദനത്തിനും അവസരമൊരുക്കി കൊടുക്കുകയല്ലാതെ മറ്റേത് തരത്തിലാണ് കാണാനൊക്കുക..? ഇപ്പോള്‍ തന്നെ, സുപ്രീം കോര്‍ട്ട് നേരിട്ട് ആവശ്യപ്പെട്ടിട്ട് കൂടിയും കാലമിന്നോളം സ്വിസ്സ് ബാങ്കിലേക്കൊഴുകിയ ശതകോടി കള്ളപ്പണത്തിന്‍റെ കണക്കും പേര് വിവരവും വെളിപ്പെടുത്താതിരിക്കുന്നതിന്‍റെ താത്പര്യമെന്ത്? തുടര്‍ന്നും ഇത്തരം കാട്ടുകള്ളന്‍മാരെയും ജനഹിതത്തിന്‍റെ രക്തമൂറ്റി കൊഴുത്ത ഈ തെമ്മാടി വര്‍ഗ്ഗത്തെയും സംരക്ഷിച്ചു നിര്‍ത്താനുള്ള തന്ത്രം മെനയുകയുമാണോ ഈ പരിഷ്കരണം വഴി ലക്ഷ്യമിടുന്നത്..? അല്ലെങ്കില്‍, ഗോപീ കൃഷ്ണന്മാര്‍ക്കും തെഹല്‍കകള്‍ക്കും തടയിടുകയോ..? കൂടെ, നീരാ റാഡിയ പോലുള്ളവര്‍ പരിചയപ്പെടുത്തിതന്ന ഭരണകൂട സ്ഥാപനങ്ങളുടെ ഇടനാഴികളിലെ ഉപജാപക സംഘങ്ങള്‍ക്ക് വിഹരിക്കാനുള്ള പുതിയ തട്ടകമൊരുക്കലോ..? രാജമാര്‍ക്കും കല്‍മാഡിമാര്‍ക്കും ആദര്‍ശ് കൊള്ളക്കാര്‍ക്കും സുരക്ഷിത സങ്കേതമൊരുക്കലോ..? എന്താണിതിന്‍റെ പ്രാഥമിക ഉദ്ദേശം..???'-------------------- കൂടുതല്‍ ഒന്നും പറയാനില്ല...പ്രിയ നാമൂസ് വേണ്ടതെല്ലാം താങ്കള്‍ പറഞ്ഞു കഴിഞ്ഞു....

Kalavallabhan പറഞ്ഞു...

സംരക്ഷിച്ചു നിര്‍ത്താനുള്ള തന്ത്രം

anupama പറഞ്ഞു...

പ്രിയപ്പെട്ട നാമൂസ്,
വളരെ ഉപകാരപ്രദമായ ഒരു പോസ്റ്റ്‌!അഭിനന്ദനങ്ങള്‍!

ഒരു മനോഹര സായാഹ്നം ആശംസിച്ചു കൊണ്ടു,
സസ്നേഹം,
അനു

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

aashamsakal.............

ഫൈസല്‍ ബാബു പറഞ്ഞു...

നല്ല പോസ്റ്റിനു ...നല്ല കയ്യടി....

ആചാര്യന്‍ പറഞ്ഞു...

വായിച്ചു...ഒന്ന് കൂടി വായിക്കണം ...അധികാര വര്‍ഗം എന്നും സാധാ ജനങ്ങളെ നോക്ക് കുത്തികള്‍ ആക്കിയിട്ടെ ഉള്ളൂ അതാണ്‌ ഇപ്പോഴും തുടരുന്നത്...പാചക വാതക സിലിണ്ടറിന് എണ്ണൂറ് രൂപ ആക്കുന്നു പോലും ഈ എന്നാ കമ്പനികള്‍ക്ക് സര്‍ക്കാര്‍ വെറുതെ കൊടുക്കുന്ന കോടികള്‍ മതി പാചക വാതകം വെറുതെ കൊടുക്കാന്‍ എന്നിട്ടും ..

iqbal kechery പറഞ്ഞു...

നമൂസ് ..., താങ്കളുടെ പ്രസക്തമായ ചില ചോദ്യങ്ങള്‍ക്ക് അല്ലെ? എന്നതിന് അതെ എന്നും ആണോ? എന്നതിന് തീര്‍ച്ചയായും എന്നുതന്നെയാണ് എന്റെ മറുപടി. പുതിയ നിയമ നിര്മ്മാണങ്ങളോ, പരിഷ്കാരങ്ങളോ കൊണ്ട് ഇവ പരിഹരിക്കാനുള്ള ശ്രമം നടത്തുമ്പോള്‍ സമ്പന്ന വര്‍ഗ്ഗത്തിന്റെ താല്‍പ്പര്യങ്ങളെ സംരക്ഷിക്കുന്നത്തില്‍ കാലാ കാലങ്ങളില്‍ വന്ന എല്ലാ ഭരണ കൂടങ്ങളും മത്സരിക്കുന്ന കാഴ്ചകള്‍ കണ്ടു മടുത്തവരാണ് ഇന്ത്യന്‍ സമൂഹം. ഇതിനു മൂല്യച്ചുതി വന്ന സംസ്കാരത്തെ സമ്പന്നമാക്കുകയും അതിനു തക്കതയായ വിദ്യാഭ്യാസ പദ്ധതികളിലൂടെ ഒരു പുത്തന്‍ സമൂഹ നിര്‍മ്മിതിയിലൂടെ മാത്രമേ പരിഹാരം കാണാന്‍ കഴിയൂ എന്നു തന്നെയാണ് എന്റെ അഭിപ്രായം. തങ്ങളുടെ പോസ്റ്റ്‌ വളരെ അധികം കാര്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട് അഭിനന്ദനങ്ങള്‍ !

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഒരു മറുവാക്കോതുകില്‍..?

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms